തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

Tamilnadu

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് തമിഴ്നാട് ബിജെപി. 27 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ‍്യാപിച്ചത്. അണ്ണാഡിഎംകെ മുന്നണിയിലാണ് ബിജെപി മത്സരിക്കുന്നത്.

മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് സീറ്റ് നൽകിയില്ല. അണ്ണാമലൈ ആവശ‍്യപ്പെട്ടിരുന്ന കോയമ്പത്തൂർ നോർത്ത് സീറ്റിൽ സിറ്റിങ് എംഎൽഎ വാനതി ശ്രീനിവാസനാണ് മത്സരിക്കുന്നത്.

ബിജെപി സംസ്ഥാന അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ സത്തൂർ മണ്ഡലത്തിൽ നിന്നും കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ അവനാശിയിലും മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജൻ മൈലാപ്പൂരിലും മത്സരിക്കും.

കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിലെത്തിയ മുൻ എംഎൽഎ വിജയധാരണിക്കും സീറ്റ് നൽകിയിട്ടുണ്ട്. വിളവങ്കോടാണ് അവർ മത്സരിക്കുന്നത്. കന‍്യാകുമാരി ജില്ലയിലെ 6 മണ്ഡലങ്ങളിൽ 4 ഇടങ്ങളിലും ബിജെപിയാണ് മത്സരിക്കുന്നത്.

Tags

Share this story