ബിജെപിയുടേത് വാഷിംഗ് മെഷീൻ രാഷ്ട്രീയം; കടുത്ത വിമർശനവുമായി കെ.സി. വേണുഗോപാൽ
Jul 1, 2026, 13:10 IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിയുടേത് ശുദ്ധമായ 'വാഷിംഗ് മെഷീൻ' രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാർട്ടികളെ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി ആരോപണങ്ങൾ നേരിടുന്ന പ്രതിപക്ഷ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ അവർ വിശുദ്ധരായി മാറുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. കേന്ദ്ര ഏജൻസികളെ കാണിച്ച് ഭയപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാൽ ഇത്തരം അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളെയും ഭീഷണികളെയും ജനം തിരിച്ചറിയുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
