കരിങ്കടലിലെ ഡ്രോൺ ആക്രമണം: കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്താനായില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കരിങ്കടലിൽ (Black Sea) ചരക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കാണാതായ രണ്ട് ഇന്ത്യൻ നാവികരെ കണ്ടെത്താൻ സാധിച്ചില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിപുലമായ തിരച്ചിൽ നടത്തിയിട്ടും നാവികരെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൂലൈ 25-നാണ് ഉക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപം 'എംവി എജിഎൻ രഗ്നാർ' (MV AGN Ragnar) എന്ന ചരക്കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ നാവികരിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ദീപക് കുമാർ ഗുപ്ത, രാമചന്ദ്ര എന്നിവരെ കാണാതാവുകയായിരുന്നു.
ഉക്രെയ്ൻ ഭരണകൂടം, റൊമാനിയൻ മാരിടൈം റെസ്ക്യൂ കോഓർഡിനേഷൻ സെന്റർ (MRCC), റൊമാനിയൻ കോസ്റ്റ് ഗാർഡ് എന്നിവയുടെ നേതൃത്വത്തിലാണ് കടലിൽ തിരച്ചിൽ നടത്തിയത്. കൂടുതൽ തെളിവുകളോ വിവരങ്ങളോ ലഭിക്കുന്ന മുറയ്ക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കാണാതായ നാവികരുടെ കുടുംബങ്ങൾക്ക് ഉടൻ തന്നെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.
