മധ്യപ്രദേശിലെ പടക്ക നിർമാണശാലയിലെ സ്‌ഫോടനം; മരണസംഖ്യ 11 ആയി

mp

മധ്യപ്രദേശിലെ ഹർദയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. 60 പേർക്ക് സ്‌ഫോടനത്തിൽ പരുക്കേറ്റു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്‌ഫോടനങ്ങളാണ് ഫാക്ടറിയിൽ സംഭവിച്ചത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം സമീപ നഗരങ്ങളിൽ വരെ അലയടിച്ചതായാണ് റിപ്പോർട്ട്

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നാല് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നൽകും. അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേർക്കും സൗജന്യ ചികിത്സ നൽകുമെന്നും അറിയിച്ചു. 
സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

അപ്രതീക്ഷിത ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50, 000 രൂപ നൽകും.

Share this story