ബാംഗ്ലൂർ ISRO ആസ്ഥാനത്ത് ബോംബ് ഭീഷണി; പരിശോധന കർശനമാക്കി: ജീവനക്കാരെ ഒഴിപ്പിച്ചു
ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ബെംഗളൂരുവിലെ പ്രധാന ആസ്ഥാനത്ത് ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് ഓഫീസിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും മുൻകരുതൽ നടപടിയെന്നോണം ജീവനക്കാരെ താൽക്കാലികമായി കെട്ടിടത്തിൽ നിന്നും ഒഴിപ്പിക്കുകയും ചെയ്തു.
ഓഫീസിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലാണ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അധികൃതർ പോലീസിനെയും സുരക്ഷാ ഏജൻസികളെയും വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി ഇസ്രോ കാമ്പസിൽ ഉടനീളം വിശദമായ തിരച്ചിൽ നടത്തി വരികയാണ്.
കനത്ത സുരക്ഷാ വലയത്തിലുള്ള ഇസ്രോ ആസ്ഥാനത്തേക്ക് നിലവിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി പോലീസ് നടത്തിയ അന്വേഷണത്തിൽ എൻ.ഐ.എ (NIA), ഡി.ആർ.ഡി.ഒ (DRDO) തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾക്കും സമാനമായ രീതിയിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ ഒരാളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ജീവനക്കാരെ മാറ്റിയതെന്നും നിലവിൽ പരിശോധനകളിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇമെയിലിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് സൈബർ വിഭാഗം കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
