മുംബൈ താജ് ഹോട്ടലിന് നേരെ ബോംബ് ഭീഷണി: വൻ സുരക്ഷാ പരിശോധന; വ്യാജമെന്ന് സ്ഥിരീകരണം
മുംബൈ: മുംബൈയിലെ പ്രശസ്തമായ താജ് മഹൽ പാലസ് ഹോട്ടലിന് നേരെ ബോംബ് ഭീഷണി. അർധരാത്രിയോടെ നവി മുംബൈ പോലീസ് കൺട്രോൾ റൂമിലാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ഹോട്ടലിൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
തുടർന്ന് നവി മുംബൈ പോലീസ് ഉടൻ തന്നെ വിവരം മുംബൈ പോലീസിനും ബോംബ് സ്ക്വാഡിനും കൈമാറി. കോളാബ പോലീസും ക്രൈംബ്രാഞ്ചും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) സംയുക്തമായി താജ് ഹോട്ടലിൽ അതിവേഗം എത്തി വലിയ രീതിയിലുള്ള തിരച്ചിൽ ആരംഭിച്ചു. ഹോട്ടലിന്റെ മെയിൻ ലോബി, നീന്തൽക്കുളം, ബാങ്ക്വറ്റ് ഹാളുകൾ, റെസ്റ്റോറന്റുകൾ, പാർക്കിംഗ് ഏരിയ എന്നിവയുൾപ്പെടെ എല്ലാ തന്ത്രപ്രധാനമായ സ്ഥലങ്ങളും വിശദമായി പരിശോധിച്ചു.
മണിക്കൂറുകൾ നീണ്ട അതീവ ജാഗ്രതയോടെയുള്ള പരിശോധനക്കൊടുവിൽ സംശയസ്പദമായ യാതൊന്നും കണ്ടെത്താനായില്ല. ഇതോടെ ഇതൊരു വ്യാജ സന്ദേശമാണെന്ന് (Hoax Call) പോലീസ് സ്ഥിരീകരിച്ചു.
പ്രതിക്കായി തിരച്ചിൽ ഊർജിതം
നവി മുംബൈയിലെ തുർഭെ (Turbhe) മേഖലയിൽ നിന്നാണ് ഭീഷണി കോൾ വന്നതെന്ന് പോലീസ് സാങ്കേതിക പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ചെങ്കോട്ടയ്ക്കും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്ന താജ് ഹോട്ടലിന് നേരെയുണ്ടായ ഭീഷണി വലിയ തോതിൽ ആശങ്ക പരത്തിയെങ്കിലും പോലീസ് കൃത്യമായ സമയത്ത് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
