ബോംബ് ഭീഷണി: ഡൽഹി-ബാഗ്‌ഡോഗ്ര ഇൻഡിഗോ വിമാനം ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി
Updated: Jan 18, 2026, 16:04 IST
ലഖ്‌നൗ: ഡൽഹിയിൽ നിന്നും പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം ഉത്തർപ്രദേശിലെ ലഖ്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
വിമാനത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടർന്ന് പൈലറ്റ് ഉടൻ തന്നെ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും ലഖ്‌നൗവിൽ ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി.
സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും വിമാനത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
