സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് ഡൽഹി ഹൈക്കോടതിക്കും പ്രധാന കേന്ദ്രങ്ങൾക്കും ബോംബ് ഭീഷണി

ഡെൽഹി കോടതി

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഡൽഹി ഹൈക്കോടതിക്കും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങൾക്കും ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു.

​ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഹൈക്കോടതി സമുച്ചയത്തിൽ ഉച്ചയ്ക്ക് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർഫോഴ്സ്, ഡൽഹി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതി വളപ്പിൽ അടിയന്തര പരിശോധന നടത്തി. പ്രാഥമിക പരിശോധനകളിൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിനിധികളും അധികൃതരും അറിയിച്ചു.

​ഹൈക്കോടതിക്ക് പുറമെ ജാംനഗർ ഹൗസ്, ഝണ്ടേവാലൻ ബിൾഡിംഗ്, സാകേത് ഡി.എം ഓഫീസ്, ഡൽഹി കന്റോൺമെന്റ് എസ്.ഡി.എം ഓഫീസ് തുടങ്ങി തലസ്ഥാനത്തെ അഞ്ചോളം മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും സമാന രീതിയിൽ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഡൽഹി പോലീസിന്റെ സൈബർ സെല്ലും സുരക്ഷാ ഏജൻസികളും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനായുള്ള അന്തിമ തയ്യാറെടുപ്പുകൾ പുരോഗമിക്കവേയാണ് ബോംബ് ഭീഷണി എത്തിയത്. ഇതേത്തുടർന്ന് രാജ്യതലസ്ഥാനത്തും നഗര അതിർത്തികളിലും സുരക്ഷാ പരിശോധന കർശനമാക്കുകയും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

Tags

Share this story