സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി
മുംബൈ: മുൻ സെലിബ്രിറ്റി മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. 2020ൽ നടന്ന മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ഉന്നയിച്ച് പിതാവ് സതീഷ് സാലിയൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ജസ്റ്റിസുമാരായ സാരംഗ് കോട്‌വാൾ, രഞ്ജിത് സിൻഹ രാജാ ഭോൺസലെ എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദിഷയുടെ പിതാവ് സതീഷ് സാലിയന്‍റെ മൊഴി രേഖപ്പെടുത്തണമെന്നും അന്വേഷണത്തിനിടെ മതിയായ തെളിവുകൾ ലഭിക്കുന്നതുവരെ ആരെയും പ്രതി ചേർക്കരുതെന്നും കോടതി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഉടൻ സിബിഐക്ക് കൈമാറാൻ മുംബൈ പൊലീസിന് കോടതി നിർദേശം നൽകി. അന്വേഷണത്തിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് കണ്ടെത്തിയാൽ, സിബിഐ ബന്ധപ്പെട്ട കോടതിയിൽ ഉചിതമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഈ റിപ്പോർട്ടിനെതിരേ സതീഷ് സാലിയന് കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ടെന്നും ബെഞ്ച് പറഞ്ഞു.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മാനേജരായിരുന്നു ദിഷ സാലിയൻ. 2020 ജൂൺ എട്ടിനാണ് മുംബൈയിലെ മലാഡ് മേഖലയിലെ ഒരു കെട്ടിടത്തിന്‍റെ 14-ാം നിലയിൽ നിന്ന് വീണ് ദിഷ മരിച്ചത്. തുടർന്ന് മുംബൈ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ദിഷയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്വേഷണത്തിന് ശേഷം പൊലീസ് അറിയിച്ചത്. എന്നാൽ മകൾ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് കഴിഞ്ഞ വർഷം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സതീഷ് സാലിയൻ ആരോപിച്ചു. കേസിലെ പൊലീസ് അന്വേഷണത്തിലും സാലിയൻ സംശയം ഉന്നയിച്ചിരുന്നു. മകളുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും സതീഷ് സാലിയൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
