കൊൽക്കത്തയിൽ തൃണമൂൽ ഓഫീസിന് നേരെ ബുൾഡോസർ നടപടി; മാംസവിൽപ്പന ശാലകൾ തകർത്തുവെന്ന് ടിഎംസി

Bangal

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കൊൽക്കത്തയിൽ ബുൾഡോസർ രാഷ്ട്രീയം സജീവമാകുന്നു. ചരിത്രപ്രസിദ്ധമായ ഹോഗ് മാർക്കറ്റിന് (ന്യൂ മാർക്കറ്റ്) സമീപമുള്ള തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു.

ചൊവ്വാഴ്ച രാത്രി നടന്ന ഈ സംഭവത്തെത്തുടർന്ന് പ്രദേശത്തെ വ്യാപാരികൾ പരിഭ്രാന്തരാകുകയും കടകൾ അടച്ചുപൂട്ടുകയും ചെയ്തു. കൊൽക്കത്തയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ടിഎംസിയുടെ ന്യൂ മാർക്കറ്റ് യൂണിയൻ ഓഫീസാണ് പ്രധാനമായും ലക്ഷ്യം വെച്ചതെന്നും ഇത് പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലായി.

സംഘർഷം നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി അഴിച്ചുവിടുന്ന അക്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

ടിഎംസി നേതാക്കളുടെ രൂക്ഷ വിമർശനം

സംഭവത്തിൽ ബിജെപിയെ പരിഹസിച്ച് ടിഎംസി നേതാവ് മഹുവ മോയിത്ര രംഗത്തെത്തി. "കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാർക്കറ്റ്. ബംഗാളികൾ 'പരിവർത്തനം' ആഘോഷിക്കുന്നു" എന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരാമർശിച്ചുകൊണ്ട് മഹുവ എക്സിൽ കുറിച്ചത്

മുതിർന്ന നേതാവ് ഡെറിക് ഒബ്രയനും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. പോലീസിന്റെ അനുമതിയോടെയാണ് ഈ ബുൾഡോസർ നടപടി നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി മാംസവിൽപ്പന ശാലകൾ തകർക്കുകയാണെന്നും കേന്ദ്ര സേന ഇത് നോക്കിനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ യഥാർത്ഥ മുഖം ലോകം കാണട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനധികൃത നിർമ്മാണമെന്ന് നാട്ടുകാർ

അതേസമയം, ടിഎംസി നേതാക്കളുടെ ആരോപണങ്ങൾ പ്രദേശവാസികളും ചില വ്യാപാരികളും തള്ളി. തകർക്കപ്പെട്ട കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്ന് ഇവർ അവകാശപ്പെട്ടു. ഒരു വ്യാപാരിയിൽ നിന്ന് നേരത്തെ ബലം പ്രയോഗിച്ച് കൈക്കലാക്കിയ സ്ഥലത്താണ് ഈ യൂണിയൻ ഓഫീസ് പണിതതെന്നും ഇവർ പറയുന്നു. തകർക്കപ്പെട്ടത് മാംസവിൽപ്പന ശാലയല്ലെന്നും മറിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസാണെന്നുമാണ് ഒരു വിഭാഗം നാട്ടുകാരുടെ പക്ഷം.

ബിജെപിയുടെ 'ഗുണ്ടായിസം' എന്ന് ടിഎംസി

കൊൽക്കത്തയുടെ ഹൃദയഭാഗത്ത് ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. "ബിജെപി ഗുണ്ടകളുടെ സംഘം അഴിഞ്ഞാടുകയാണ്. ഇത് നഗ്നമായ ഗുണ്ടായിസമാണ്," ടിഎംസി പ്രസ്താവനയിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇത്തരം അക്രമങ്ങൾക്ക് പ്രവർത്തകർക്ക് അനുവാദം നൽകുകയാണെന്നും കേന്ദ്ര സേനയോട് നിശബ്ദരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ടിഎംസി ആരോപിച്ചു. ബംഗാളിൽ ബുൾഡോസർ രാഷ്ട്രീയം അനുവദിക്കില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും പാർട്ടി വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ന്യൂ മാർക്കറ്റ് പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags

Share this story