സിഎഎ പോർട്ടൽ സജ്ജം: 20 രേഖകളിൽ ഒന്ന് സമർപ്പിക്കാം

CAA

ന്യൂഡൽഹി: പ്രതിഷേധം രൂക്ഷമാകുന്നതിനിടെ സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടൽ കേന്ദ്രം സജ്ജമാക്കി. അപേക്ഷ നൽകേണ്ടത് ജില്ലാ അധികൃതർക്കാണെങ്കിലും തീരുമാനം തുടർനടപടികൾ കേന്ദ്ര ഉദ്യോഗസ്ഥരായിരിക്കും സ്വീകരിക്കുക. പുതിയ നിയമപ്രകാരം അപേക്ഷകർ കാലാവധി കഴിഞ്ഞതോ കഴിയാത്തതോ അടക്കം 20 രേഖകളിൽ ഒന്ന് ഹാജരാക്കിയാല്‍ മതി. പാസ്‌പോര്‍ട്ടിന് പുറമെ തിരിച്ചറിയല്‍ കാര്‍ഡ്, ഭൂമി കൈവശാവകാശ രേഖകള്‍, തുടങ്ങിയവയും ഹാജരാക്കാം.

രാജ്യത്തെത്തിയ ദിവസം തെളിയിക്കാൻ വിസയുടെ പകര്‍പ്പോ ഇന്ത്യയിലെത്തിയ സമയത്തെ ഇമിഗ്രേഷന്‍ സ്റ്റാംപോ ഹാജരാക്കാവുന്നതാണ്. 2014 ഡിസംബര്‍ 31 ന് മുമ്പാണെത്തിയതെന്നു തെളിയിക്കാന്‍ പ്രാദേശിക ഭരണസമിതികളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോ റവന്യൂ ഉദ്യോഗസ്ഥരോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും പരിഗണിക്കും.

പ്രദേശത്തെ അംഗീകൃത മതസ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റും പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ ഹാജരാക്കണം. അപേക്ഷകര്‍ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്‌ത്യന്‍ മതങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വിശ്വസിക്കുന്നവരാണെന്നും ഇപ്പോഴും അതേ മതത്തില്‍ തന്നെ തുടരുന്നുവെന്നും തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റാണ് നല്‍കേണ്ടത്.

Share this story