യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ല; ജനാധിപത്യത്തെ അപകടത്തിലാക്കുന്നു: മമതയ്‌ക്കെതിരെ സുപ്രീം കോടതി

Bangal

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. നാളെ പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീം കോടതിയുടെ കടുത്ത പരാമര്‍ശം. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളില്‍ മമത ബാനര്‍ജി നടത്തിയ ഇടപെടലുകളെയാണ് കോടതി വിമര്‍ശിച്ചത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ജനുവരി ആദ്യവാരത്തിലായിരുന്നു റെയ്ഡ്.

ഇത്തരം പ്രവൃത്തികളിലൂടെ ഒരു മുഖ്യമന്ത്രിക്ക് ജനാധിപത്യം തകര്‍ക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പികെ മിശ്ര, എന്‍വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. 'ഇത് സംസ്ഥാനത്തിനും കേന്ദ്രത്തിനും ഇടയിലുള്ള ഒരു തര്‍ക്കമല്ല. ഒരു സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിക്ക് ഒരു അന്വേഷണത്തിനിടയിലൂടെ കടന്നെത്തി ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. എന്നിട്ട് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമാക്കി മാറ്റരുത്. മുഖ്യമന്ത്രിയായ ഒരാള്‍ മുഴുവന്‍ ജനാധിപത്യത്തെയും അപകടത്തിലാക്കിയ പ്രവൃത്തിയാണിത്' കോടതി അഭിപ്രായപ്പെട്ടു

രാജ്യത്തെ പ്രമുഖ നിയമജ്ഞര്‍ പോലും ഇങ്ങനെയൊരു സാഹചര്യം പ്രതീക്ഷിച്ചിരിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. മമതാ ബാനര്‍ജിയടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

ഈ റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.

Tags

Share this story