ക്യാപ്‌ജെമിനി ഡേകെയർ ക്രൂരത: കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിട്ടു, ബാത്ത്റൂമിൽ പൂട്ടിയിട്ട് ടോയ്‌ലറ്റ് ജെറ്റ് ഉപയോഗിച്ച് വായയിൽ വെള്ളമടിച്ചു; 5 ജീവനക്കാർക്കെതിരെ കേസ്
ബെംഗളൂരു: ഐടി ഭീമനായ ക്യാപ്‌ജെമിനിയുടെ ബെംഗളൂരു കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരമായ പീഡനം. കുട്ടികൾ ഉറക്കെ കരയുമ്പോൾ അവരെ നിശബ്ദരാക്കാൻ വാഷിംഗ് മെഷീന്റെ ഡ്രമ്മിനുള്ളിൽ ഇരുത്തുക, ബാത്ത്റൂമുകളിൽ പൂട്ടിയിടുക, ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായയിലേക്ക് ശക്തമായി വെള്ളമടിക്കുക തുടങ്ങിയ ക്രൂരതകളാണ് ജീവനക്കാർ കാട്ടിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡേകെയറിലെ അഞ്ച് വനിതാ കെയർടേക്കർമാർക്കെതിരെ കർണാടക പോലീസ് കേസെടുത്തു. മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നിവർക്കെതിരെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഡേകെയറിലെ മറ്റൊരു ജീവനക്കാരൻ പകർത്തിയ ദൃശ്യങ്ങൾ ചൈൽഡ് ഹെൽപ്പ്‌ലൈനിൽ ലഭിച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. ജീവനക്കാർ കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും ക്രൂരമായി കൈകാര്യം ചെയ്യുന്നതും വീഡിയോകളിൽ വ്യക്തമാണ്. ഐടി ജീവനക്കാരായ മാതാപിതാക്കൾ ജോലി സമയത്ത് കുട്ടികളെ സുരക്ഷിതമായി നോക്കാൻ ഏൽപ്പിച്ച കേന്ദ്രത്തിലാണ് ഈ ക്രൂരത നടന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് ക്യാപ്‌ജെമിനി ഈ ഡേകെയർ സെന്റർ താൽക്കാലികമായി പൂട്ടിയിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പ്രതികളായ ജീവനക്കാരെ ചോദ്യം ചെയ്യാനായി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
