സ്വകാര്യ ഇടങ്ങളിലെ ജാതി അധിക്ഷേപം പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല: സുപ്രീം കോടതി
ന്യൂഡൽഹി: പൊതുജനങ്ങൾ കാണാത്തതോ കേൾക്കാത്തതോ ആയ സ്വകാര്യ ഇടങ്ങളിൽ വെച്ച് നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പട്ടികജാതി-പട്ടികവർഗ (പീഡനനിരോധന) നിയമപ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് നടത്തുന്ന അധിക്ഷേപങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഒരു സ്കൂൾ മാനേജർക്കെതിരെയുണ്ടായിരുന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. സ്കൂളിലെ അടച്ചിട്ട മുറിക്കുള്ളിൽ വെച്ച് തനിക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം.
എസ്‌സി/എസ്ടി നിയമത്തിലെ 3(1)(r), 3(1)(s) വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തണമെങ്കിൽ അധിക്ഷേപം 'പൊതുജന മധ്യത്തിൽ' (within public view) വെച്ച് നടന്നിരിക്കണം എന്ന് കോടതി ചൂണ്ടിക്കാട്ടി. നാല് ചുവരുകൾക്കുള്ളിൽ പൊതുജനങ്ങളുടെ സാന്നിധ്യമില്ലാതെ നടക്കുന്ന സംഭവങ്ങളിൽ ഈ വകുപ്പ് ചുമത്താനാകില്ല. എന്നാൽ, അടിപിടി ഉൾപ്പെടെയുള്ള മറ്റ് കേസുകളിൽ (ഐപിസി / ബിഎൻഎസ് വകുപ്പുകൾ പ്രകാരം) അന്വേഷണവും നടപടികളും തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
