സിബിഎസ്ഇ വിവാദം; 'ദേശവിരുദ്ധ സോറോസ് ഏജന്റുമാരുമായുള്ള സംഭാഷണം' പങ്കുവെച്ച് രാഹുൽ ഗാന്ധി: കേന്ദ്ര സർക്കാരിനെതിരെ പരിഹാസം
ന്യൂഡൽഹി: സിബിഎസ്ഇ ഒഎസ്എം (CBSE OSM) മൂല്യനിർണ്ണയ വിവാദത്തിൽ കേന്ദ്ര സർക്കാരിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചതിന് 'ദേശവിരുദ്ധരെന്നും പാകിസ്താനികളെന്നും' മുദ്രകുത്തപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്തരം അധിക്ഷേപങ്ങൾ നേരിട്ട വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പങ്കുവെച്ചു. "എന്റെ സഹ ദേശവിരുദ്ധ സോറോസ് ഏജന്റുമാരുമായുള്ള സുപ്രധാന സംഭാഷണം" എന്ന പരിഹാസത്തോടെയാണ് രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തത്.
സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിൽ തന്റേതല്ലാത്ത ഫിസിക്സ് ഉത്തരക്കടലാസ് ആണ് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന വിദ്യാർത്ഥിയായ വേദാന്ത് ശ്രീവാസ്തവയുടെ പോസ്റ്റ് നേരത്തെ വലിയ രീതിയിൽ വൈറലായിരുന്നു. ഈ വിഷയത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച വേദാന്തിനെയും സുഹൃത്തുക്കളെയും അധികൃതരും ഭരണകൂട അനുകൂലികളും അധിക്ഷേപിച്ചതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
"വേദാന്തും സുഹൃത്തുക്കളും ധീരരും മിടുക്കരുമായ ഇന്ത്യൻ യുവാക്കളാണ്. അവർ സിബിഎസ്ഇയോടും മോദി സർക്കാരിനോടും ലളിതമായ ചില ചോദ്യങ്ങളാണ് ചോദിച്ചത്. എന്നാൽ അവർക്ക് മറുപടിക്ക് പകരം ലഭിച്ചത് അപമാനമാണ്. അവർക്ക് സുരക്ഷിതവും ശോഭനവുമായ ഒരു ഭാവി അർഹിക്കുന്നുണ്ട്, അത് ഞങ്ങൾ ഉറപ്പാക്കും," രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
A revealing chat with my fellow “anti-national Soros agents.”
— Rahul Gandhi (@RahulGandhi) May 31, 2026
Vedant and his friends are brilliant, brave young Indians who asked CBSE and the Modi government simple questions - but got insults instead of answers.
They deserve a bright and secure future. We will make sure they… pic.twitter.com/5InBxgJv1B
പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ആദ്യം അങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് സർക്കാർ സമ്മതിക്കണമെന്ന് വീഡിയോയിൽ രാഹുൽ പറയുന്നുണ്ട്. "നിങ്ങൾ വിദ്യാർത്ഥികളാണ്, നിങ്ങളുടെ ഉത്തരക്കടലാസ് മാത്രമാണ് നിങ്ങൾ ചോദിക്കുന്നത്. എന്നാൽ പെട്ടെന്ന് നിങ്ങൾ ദേശവിരുദ്ധരായി മാറി. തെറ്റുകൾ സമ്മതിക്കുന്നതിന് പകരം ഈ പാവം കുട്ടികളെ കുറ്റപ്പെടുത്തുകയും അവർ ഒളിച്ചുകളി നടത്തുന്ന ഏജന്റുമാരും തീവ്രവാദികളുമാണെന്ന് പറയുകയുമാണ് സർക്കാർ ചെയ്യുന്നത്," രാഹുൽ കൂട്ടിച്ചേർത്തു.
തങ്ങളെ 'ഡീപ്പ് സ്റ്റേറ്റ് ഏജന്റുമാർ' (Deep State Agents) എന്ന് വിളിച്ചതായി ഒരു വിദ്യാർത്ഥി പറഞ്ഞപ്പോൾ, "17 വയസ്സുള്ള ഡീപ്പ് സ്റ്റേറ്റ് ഏജന്റോ!" എന്ന് രാഹുൽ ഗാന്ധി ചിരിയോടെ ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തകർത്തുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
