കേന്ദ്ര സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രീതി സിന്റയും പ്രിയദർശനും ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

പ്രിയ

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പുനഃസംഘടിപ്പിച്ചു. നടീനടൻമാരായ പ്രീതി സിന്‍റ, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, മലയാളി സംവിധായകൻ പ്രിയദർശൻ, ഗ്രാമി പുരസ്കാര ജേതാവും സംഗീതജ്ഞനുമായ റിക്കി കേജ് അടക്കം 18 പേരാണ് പുതിയ ബോർഡിലുള്ളത്. ശശി ശേഖർ വെമ്പതി ചെയർപേഴ്സണായി തുടരും. പുതിയ ബോർഡിന് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്.

സിനിമ, ടെലിവിഷൻ, സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖരെയാണ് പുതിയ ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീതി സിന്‍റ, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി എന്നിവർക്ക് പുറമെ പല്ലവി ജോഷി, പ്രൊസൻജിത് ചാറ്റർജി, രൂപാലി ഗാംഗുലി എന്നിവരും അംഗങ്ങളാണ്.

നില മാധബ് പാണ്ഡ, മനോജ് ജോഷി, അഭിഷേക് ജെയിൻ, സുപ്രിയ യാർലഗഡ്ഡ, ചലച്ചിത്ര നിരൂപകൻ വിനോദ് അനുപം, കവിയും എഴുത്തുകാരനുമായ യതീന്ദ്ര മിശ്ര, നിഷിഗന്ധ വാഡ്, ഗായകനും മുൻ പാർലമെന്‍റ് അംഗവുമായ ഹൻസ്‌രാജ് ഹൻസ് എന്നിവരാണ് മറ്റ് അംഗങ്ങൾ. നാടക സംവിധായകൻ വാമൻ കേന്ദ്ര, എഴുത്തുകാരൻ രമേഷ് പടാംഗെ എന്നിവർ മുൻ ബോർഡിൽ നിന്ന് പുതിയ സമിതിയിലും തുടരുന്ന രണ്ട് അംഗങ്ങളാണ്.

2017 ഓഗസ്റ്റിലാണ് കേന്ദ്ര സെൻസർ ബോർഡ് അവസാനമായി പുനഃസംഘടിപ്പിച്ചത്. അന്ന് നിയമിതരായ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമായിരുന്നെങ്കിലും പുതിയ ബോർഡ് രൂപീകരിക്കാത്ത സാഹചര്യത്തിൽ ചിലർ തുടർന്നും ചുമതലയിൽ തുടരുകയായിരുന്നു. 2021ലും 2022ലും രണ്ട് അംഗങ്ങൾ മരിച്ചതിനെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കും പുതിയ നിയമനം നടന്നിരുന്നില്ല.

പുതിയ ബോർഡിന്‍റെ രൂപീകരണം പ്രാബല്യത്തിൽ വന്നതോടെ, വിവിധ മേഖലകളിൽ നിന്നുള്ള 18 അംഗങ്ങളടങ്ങിയ സമിതിയാണ് ഇനി സിനിമാ സർട്ടിഫിക്കേഷൻ സംബന്ധിച്ച ചുമതലകൾ നിർവഹിക്കുക.

കേന്ദ്ര സെൻസർ ബോർഡിന്‍റെ പുതിയ 18 അംഗ സമിതി

1. വിനോദ് അനുപം

2. മനോജ് ജോഷി

3. അഭിഷേക് ജെയിൻ

4. റിക്കി കേജ്

5. പ്രിയദർശൻ

6. സുനിൽ ഷെട്ടി

7. ഹൻസ്രാജ് ഹൻസ്

8. സുപ്രിയ യാർലഗഡ്ഡ

9. യതീന്ദ്ര മിശ്ര

10. രൂപാലി ഗാംഗുലി

11. പ്രീതി സിന്‍റ

12. നില മാധബ് പാണ്ഡ

13. പങ്കജ് ത്രിപാഠി

14. പ്രൊസൻജിത് ചാറ്റർജി

15. പല്ലവി ജോഷി

16. നിശിഗന്ധ വാഡ്

17. വാമൻ കേന്ദ്ര

18. രമേഷ് പടാങ്കെ

Tags

Share this story