അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രാനുമതി നിഷേധിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ലണ്ടനിൽ നിന്ന് തിരിച്ചെത്തും

വേ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. 'രാഷ്ട്രീയ കാരണങ്ങളാൽ (political angle) യാത്രയ്ക്ക് അനുമതി നൽകാനാകില്ല' എന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

​യുകെ, യു.എസ് സന്ദർശനങ്ങൾക്കായി പുറപ്പെട്ട പ്രതിനിധി സംഘം ലണ്ടനിൽ എത്തിയ ശേഷമാണ് അമേരിക്കൻ യാത്രയ്ക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയ വിവരം ലഭിക്കുന്നത്. ലണ്ടനിലെ വിവിധ സർവകലാശാലകളുമായുള്ള കൂടിക്കാഴ്ചകൾ പൂർത്തിയാക്കി ഓഗസ്റ്റ് 23-ന് ബോസ്റ്റണിലേക്ക് തിരിക്കാനും, തുടർന്ന് ഓഗസ്റ്റ് 30-ന് ഇന്ത്യയിൽ തിരിച്ചെത്താനുമായിരുന്നു രേവന്ത് റെഡ്ഡി പദ്ധതിയിട്ടിരുന്നത്. കേന്ദ്ര തീരുമാനത്തെ തുടർന്ന് അദ്ദേഹം ബോസ്റ്റണിലേക്ക് പോകാതെ ഓഗസ്റ്റ് 23-ന് ലണ്ടനിൽ നിന്ന് നേരിട്ട് ഹൈദരാബാദിലേക്ക് മടങ്ങും.

​വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാനും ആഗോളതലത്തിലുള്ള പ്രമുഖ സർവകലാശാലകളെ തെലങ്കാനയിലേക്ക് ആകർഷിക്കാനുമായിരുന്നു ഈ സന്ദർശനമെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു. രാജ്യനിർമ്മാണത്തിലും യുവാക്കളുടെ ഭാവി നിർണ്ണയിക്കുന്ന കാര്യത്തിലും രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകൾക്കും അപ്പുറം ചിന്തിക്കണമെന്നാണ് താൻ എപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​മുഖ്യമന്ത്രി സന്ദർശനം റദ്ദാക്കിയെങ്കിലും, തെലങ്കാനയിൽ നിന്നുള്ള ഔദ്യോഗിക ഉദ്യോഗസ്ഥ സംഘം അമേരിക്കൻ പര്യടനവുമായി മുന്നോട്ട് പോകുമെന്നും മുൻനിശ്ചയിച്ച ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Tags

Share this story