എതിർപ്പ് കനത്തതോടെ യൂടേൺ അടിച്ച് കേന്ദ്രം; സഞ്ചാർ സാഥി ആപ്പിന്റെ ഇൻസ്റ്റാളേഷൻ ഉത്തരവ് പിൻവലിച്ചു
രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ സഞ്ചാർ സാഥി എന്ന സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഉച്ചയ്ക്ക് ശേഷമിറക്കിയ പ്രസ്താവനയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ആപ്പിന് ജനകീയമായ സ്വീകാര്യത വർധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം.
ആപ്പ് നിർബന്ധമാക്കിയ ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയന്നർന്നത് കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഉത്തരവിനെതിരെ ആപ്പിൾ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സർക്കാർ ഉത്തരവ് പിൻവലിച്ചത്.
രാജ്യത്ത് പുതുതായി നിർമിക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രി ഇൻസ്റ്റാൾ ചെയ്യണമെന്നും നിലവിലുള്ള ഫോണുകളിൽ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്നുമാണ് സർക്കാർ മൊബൈൽ നിർമാതാക്കൾക്ക് നിർദേശം നൽകിയിരുന്നത്. ഇൻസ്റ്റാർ ചെയ്യുന്ന ആപ്പ് ഒരു കാരണത്താലും ഡിലീറ്റ് ചെയ്യാൻ സാധിക്കരുതെന്നും മുൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ആപ്പിൾ, സാംസംഗ്, വിവോ, ഒപ്പോ തുടങ്ങി രാജ്യത്തെ എല്ലാ മുൻനിര മൊബൈൽ നിർമാതാക്കൾക്കും ഈ നിർദേശം നൽകിയിരുന്നു
