രാജ്യത്താകമാനം ഏകീകൃത സമയം നിർബന്ധമാക്കി കേന്ദ്രം: മാറ്റങ്ങൾക്ക് 180 ദിവസം സമയം
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു സമയം' (One Nation, One Time) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഔദ്യോഗിക, ഭരണപരമായ, വ്യാപാരാവശ്യങ്ങൾക്ക് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) മാത്രം ഏകീകൃത റഫറൻസായി ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം ഇതിനായി 'ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം) റൂൾസ്, 2026' വിജ്ഞാപനം ചെയ്തു.
പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും 180 ദിവസത്തെ (ആറു മാസം) സാവകാശം നൽകിയിട്ടുണ്ട്.
ഡിജിറ്റൽ ഇടപാടുകൾ, റെയിൽവേ-വ്യോമഗതാഗത സമയക്രമങ്ങൾ, പവർ ഗ്രിഡുകൾ, കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ എന്നിവയിലെ സമയ കൃത്യത ഉറപ്പാക്കാനും വിദേശ സാറ്റലൈറ്റുകളെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയുടെ സ്വന്തം നാവിക് (NavIC) സംവിധാനം പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം.
