സിനിമ വ്യാജപതിപ്പുകൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം; ആയിരക്കണക്കിന് സൈറ്റുകളും ടെലഗ്രാം ചാനലുകളും പൂട്ടി

Su

ന്യൂഡൽഹി: വ്യാജ സിനിമാ പ്രിന്റുകളും ഡിജിറ്റൽ കോപ്പികളും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. കേന്ദ്ര വിവരാവകാശ-ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

​സിനിമാ മേഖലയ്ക്ക് വ്യാജ പതിപ്പുകൾ (Film Piracy) ഉണ്ടാക്കുന്ന കനത്ത സാമ്പത്തിക നഷ്ടവും പ്രതിസന്ധിയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി നൽകിയ നിവേദനത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. 2023-ലെ സിനിമറ്റോഗ്രാഫ് (ഭേദഗതി) നിയമത്തിലെ (Cinematograph Amendment Act, 2023) പുതിയ വ്യവസ്ഥകൾ പ്രകാരമാണ് കോപ്പിറൈറ്റ് ലംഘനം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.

​ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (SIFPA) യോഗത്തിന് ശേഷമാണ് വ്യാജ പതിപ്പുകൾ തടയാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ പതിപ്പുകൾ തടയുന്നതിനായി പ്രത്യേക പരാതി പരിഹാര സംവിധാനവും കേന്ദ്ര സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പരാതികൾ ഏകോപിപ്പിക്കുന്നതിനും വേഗത്തിൽ നടപടിയെടുക്കുന്നതിനുമായി പ്രത്യേക 'ആന്റി-പൈറസി പോർട്ടൽ' (Anti-Piracy Portal) വികസിപ്പിച്ചു വരികയാണെന്നും അശ്വിനി വൈഷ്ണവ് കത്തിൽ വ്യക്തമാക്കി.

Tags

Share this story