ഇഡി അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം; ഉദ്യോഗസ്ഥരുടെ എണ്ണം 60% വര്‍ധിപ്പിക്കും

ED

ന്യൂഡല്‍ഹി: ഇ ഡി അന്വേഷണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 2029 ഇ ഡി ഉദ്യോഗസ്ഥരാണുള്ളത്. ഇത് 3256 ആക്കി ഉയര്‍ത്തും. 15 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയ വര്‍ധനവുണ്ടാകുന്നത്. ഇ ഡി ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയിലധികം കൂട്ടാനും തീരുമാനമുണ്ട്.

ഇ ഡി അന്വേഷണ പരിധിയില്‍ വരുന്ന കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരം. 10 വര്‍ഷം മുമ്പ് ഇ ഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണം നുറോ അതില്‍ താഴെയോ ആയിരുന്നെങ്കില്‍ 2022ന് ശേഷം ഈ കേസുകളുടെ എണ്ണം 1000ന് മുകളില്‍ പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകും. സ്‌പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിപ്പിക്കും.

Tags

Share this story