ഗസ്സ വിഷയത്തിൽ കേന്ദ്രത്തിന്റെ മൗനം അധാർമികം; മോദി നെതന്യാഹുവിന്റെ വലയിലെന്ന് സോണിയ ഗാന്ധി
ന്യൂഡൽഹി: ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിലും മാനുഷിക പ്രതിസന്ധിയിലും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം കടുത്ത അധാർമികതയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ലോകരാജ്യങ്ങൾ ഇസ്രായേലിൽ നിന്ന് അകലം പാലിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വലയിലാണെന്ന് അവർ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്കോ തന്ത്രപരമായ താല്പര്യങ്ങൾക്കോ മുൻഗണന നൽകുന്നതിന് പകരം, ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് കേന്ദ്രത്തിന്റെ നയങ്ങളെ സ്വാധീനിക്കുന്നത്.
ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരി ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന സിനിമ പോലും ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വഴങ്ങി മാസങ്ങളോളമാണ് ഇന്ത്യയിൽ തടഞ്ഞുവെച്ചത്. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്നും സമാധാനത്തിനായി ഇന്ത്യ ശക്തമായ നേതൃത്വപരമായ പങ്ക് വഹിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
