ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും ആശ്വാസം: കാണിക്ക തട്ടിപ്പ് കേസിൽ മുൻ ഭാരവാഹികൾക്ക് എസ്.ഐ.ടി ക്ലീൻ ചിറ്റ്

Ayodhya Ram

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണവും വസ്‌തുക്കളും തട്ടിയെടുത്ത കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച അന്തിമ റിപ്പോർട്ട് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറി. അന്വേഷണത്തിൽ മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കും മുൻ അംഗം അനിൽ മിശ്രയ്ക്കും തട്ടിപ്പിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.

​ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ എസ്.ഐ.ടിയാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. ട്രസ്റ്റിൻ്റെ നിർദ്ദേശപ്രകാരമാണ് യു.പി സർക്കാർ ആദ്യ എസ്.ഐ.ടി രൂപീകരിച്ചത്.

​കേസുമായി ബന്ധപ്പെട്ട് നിലവിൽ 8 ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണിക്ക എണ്ണുന്ന മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ജീവനക്കാർ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിൽ ചേരുന്ന രാമജന്മഭൂമി ട്രസ്റ്റ് യോഗത്തിൽ റിപ്പോർട്ട് ചർച്ച ചെയ്യുകയും സുരക്ഷ ശക്തമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. 

Tags

Share this story