ചെന്നൈ - ബെംഗളൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്; പുതിയ ടെൻഡർ വിളിച്ച് എൻ.എച്ച്.എസ്.ആർ.സി.എൽ

ബുള്ളറ്റ് ട്രയിൻ

ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ ചെന്നൈ - ബെംഗളൂരു ഹൈസ്പീഡ് റെയിൽവേ കോറിഡോർ അടുത്ത ഘട്ടത്തിലേക്ക്. പദ്ധതിയുടെ മുന്നോടിയായുള്ള പ്രീ-കൺസ്ട്രക്ഷൻ നടപടികൾക്കും ഡീറ്റൈൽഡ് പ്രൊജക്ട് റിപ്പോർട്ട് (DPR) പുതുക്കുന്നതിനുമായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) പുതിയ ആഗോള ടെൻഡർ ക്ഷണിച്ചു. രാജ്യത്ത് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ ഏഴ് ബുള്ളറ്റ് ട്രെയിൻ കോറിഡോറുകളിൽ ഏറ്റവും മുൻഗണനയുള്ള ഒന്നായാണ് ഈ റൂട്ടിനെ റെയിൽവേ പരിഗണിക്കുന്നത്.

​306 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ അതിവേഗ റെയിൽപ്പാത. പുതിയ ടെൻഡർ പ്രകാരം നിലവിലുള്ള റൂട്ടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തൽ, ഡ്രോൺ-ലിഡാർ (LiDAR) സർവേകൾ, മണ്ണ് പരിശോധന, പുഴകൾക്ക് കുറുകെയുള്ള പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണത്തിനായുള്ള വിശദമായ പഠനം എന്നിവ 150 ദിവസത്തിനകം പൂർത്തിയാക്കേണ്ടതുണ്ട്.

​ചെന്നൈ സെൻട്രൽ, ബെംഗളൂരുവിലെ ബയ്യപ്പനഹള്ളി എന്നിവിടങ്ങളിൽ ഭൂഗർഭ ടെർമിനലുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വൈറ്റ്ഫീൽഡ് ഉൾപ്പെടെയുള്ള സ്റ്റേഷനുകളും ഈ റൂട്ടിലുണ്ടാകും. കൗണ്ടിന്യ വൈൽഡ്‌ലൈഫ് സാങ്ച്വറിയിലൂടെ കടന്നുപോകുന്ന 14.79 കിലോമീറ്റർ നീളമുള്ള പർവത തുരങ്കം ഉൾപ്പെടെ 35 കിലോമീറ്ററോളം ഭൂഗർഭ തുരങ്ക പാതകളും ഈ പദ്ധതിയുടെ ഭാഗമാണ്.

​മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെന്നൈയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രാസമയം വെറും 1 മണിക്കൂറും 13 മിനിറ്റുമായി ചുരുങ്ങും. 

Share this story