ചേരാനല്ലൂർ വാഹനാപകടം; എഫ്ഐആറിൽ പ്രസക്തമായ വകുപ്പ് ചേർത്തിട്ടില്ല: ഡിജിപി റവാഡ ചന്ദ്രശേഖർ

റാവഡ ചന്ദ്രശേഖർ

തിരുവനനന്തപുരം: കൊച്ചിയിലെ ചേരാനല്ലൂരിൽ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഡിജിപി റവാഡ എ. ചന്ദ്രശേഖർ. അതേസമയം എഫ്ഐആറിൽ പ്രസക്തമായ ഒരു വകുപ്പ് ചേർക്കാത്തത് മാത്രമാണ് വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുൻപ് നിയമസഭയിൽ സമ്മതിച്ചിരുന്നു. നാല് പൊലീസുകാരെ സസ്പെൻഡും ചെയ്തിരുന്നു. കൂടാതെ അന്വേഷണത്തിലെ വീഴ്ചകളെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷിനെ സ്ഥലംമാറ്റുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഡിജിപിയുടെ പ്രതികരണം.

''സംഭവം പരിശോധിച്ചാൽ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളുണ്ടായതായി കാണാം. ഒരു കുറ്റം കൂടി ചുമത്തുന്ന കാര്യത്തിൽ മാത്രമാണ് അനിശ്ചിതത്വമുണ്ടായത്. എല്ലാ കേസുകളിലും ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമാണ് കൂടുതൽ കുറ്റങ്ങൾ ഉൾപ്പെടുത്തുന്നത്''- ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിയായ 17കാരന് ആദ്യം പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി മരിച്ചയാളുടെ കുടുംബം ആരോപിച്ചിരുന്നു. പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. പ്രതിയുടെ പിതാവായ ജഡ്ജിയെയും കേസിൽ പ്രതി ചേർത്തിരുന്നു. എന്നാൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.

പൊലീസിലുള്ള പൊതുജനവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് സേനയ്ക്കുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും നവംബർ മൂന്നിന് ചേരുന്ന പൊലീസ് ക്രൈം കോൺഫറൻസിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡിജിപി പറഞ്ഞു.

Tags

Share this story