മുഖ്യമന്ത്രി വിജയ് ഡൽഹിയിൽ; രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും കോൺഗ്രസ് നേതൃത്വത്തെയും സന്ദർശിച്ചു
ന്യൂഡൽഹി: നീതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നു. വ്യാഴാഴ്ച നടക്കുന്ന നിർണായക യോഗത്തിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ചയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്.
മേയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ജോസഫ് വിജയ് നടത്തുന്ന രണ്ടാമത്തെ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. മുഖ്യമന്ത്രി രാഷ്ട്രപതിയെ സന്ദർശിച്ച ചിത്രം രാഷ്ട്രപതിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തുടർന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സമാധാനവും പുരോഗതിയും സമൃദ്ധിയും നിറഞ്ഞ ഒരു പുതിയ യുഗത്തിലേക്ക് തമിഴ്‌നാടിനെ നയിക്കാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് ഉപരാഷ്ട്രപതി ആശംസിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയ് ഡൽഹി സന്ദർശനത്തിനിടെ പ്രമുഖ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി അവരുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ എത്തിയാണ് അദ്ദേഹം ചർച്ച നടത്തിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള വിജയ്‌യുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്.
കൂടിക്കാഴ്ചയിൽ തമിഴ്‌നാട് സർക്കാരിന്റെ നയങ്ങളും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയായതായാണ് വിവരം. തമിഴ്‌നാട്ടിൽ ടി.വി.കെ സർക്കാരിന് പിന്തുണ നൽകിയതിന് വിജയ് കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ചു. നിലവിൽ തമിഴ്‌നാട് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എം.എൽ.എമാർ മന്ത്രിമാരായി പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പ്രതിനിധികൾ തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത് എന്നതിനാൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
