'മക്കൾ ശക്തി ഇയക്കം'; പുതിയ ജനകീയ പ്രസ്ഥാനവുമായി കെ. അണ്ണാമലൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു
ചെന്നൈ: തമിഴ്‌നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ ജനകീയ പ്രസ്ഥാനം രൂപീകരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'മക്കൾ ശക്തി ഇയക്കം' (ജനശക്തി പ്രസ്ഥാനം) എന്ന പേരിൽ പുതിയൊരു കൂട്ടായ്മ രൂപീകരിച്ച് സംസ്ഥാനത്ത് സജീവമാകാനാണ് അദ്ദേഹത്തിന്റെ നീക്കം. കേന്ദ്ര നേതൃത്വവുമായുള്ള ചില ഭിന്നതകൾക്ക് പിന്നാലെയാണ് അണ്ണാമലൈയുടെ ഈ പുതിയ ചുവടുവെപ്പ്.
സിബിഎസ്ഇ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ത്രിഭാഷാ ഫോർമുല പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ ഈ നയം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അനാവശ്യ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് പാർട്ടി നേതൃത്വവുമായി അദ്ദേഹം അകലുന്നതായും പുതിയ പ്രസ്ഥാനം തുടങ്ങുന്നതായും വാർത്തകൾ വരുന്നത്.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2021 മുതൽ 2025 വരെ തമിഴ്‌നാട്ടിൽ ബിജെപിയെ നയിച്ചിരുന്നു. അണ്ണാ ഡിഎംകെ-ബിജെപി സഖ്യം പുതുക്കിയപ്പോൾ അണ്ണാമലൈയെ മാറ്റണമെന്ന സഖ്യകക്ഷികളുടെ ആവശ്യത്തെ തുടർന്ന് അടുത്തിടെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പുതിയ ജനകീയ പ്രസ്ഥാനം പ്രഖ്യാപിക്കുന്നതോടെ അണ്ണാമലൈ ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമോ അതോ ഇതൊരു സാമൂഹിക കൂട്ടായ്മയായി നിലനിർത്തുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. അണ്ണാമലൈയുടെ അനുയായികൾ പുതിയ പാർട്ടിയുടെ പേരുകളും പതാകയുടെ രൂപകൽപ്പനകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്.
