ഖാർഗെ പ്രസംഗിച്ച വേദി 'ശുദ്ധീകരിച്ച' സംഭവം: എൻഡിഎയിൽ ഭിന്നത, ആശങ്ക പ്രകടിപ്പിച്ച് ചിരാഗ് പാസ്വാൻ

ചിരാഗ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ 'ശുദ്ധീകരണ' ചടങ്ങ് നടന്ന സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിൽ, പ്രതികരണവുമായി കേന്ദ്രമന്ത്രിയും എൻഡിഎ ഘടകകക്ഷി നേതാവുമായ ചിരാഗ് പാസ്വാൻ. സംഭവം തികച്ചും ആശങ്ക ഉണർത്തുന്നതാണെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ചിരാഗ് പാസ്വാൻ അഭിപ്രായപ്പെട്ടു.

​ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് നടന്ന കോൺഗ്രസ് റാലിയിൽ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച് മടങ്ങിയതിന് പിന്നാലെയാണ് പ്രാദേശിക സംഘപരിവാർ അഫിലിയേറ്റഡ് സംഘടനയായ ശ്രീറാം സേനയുടെ നേതൃത്വത്തിൽ വേദിയിൽ ചാണകം തളിച്ചും ഹോമം നടത്തിയും 'ശുദ്ധീകരണം' നടത്തിയത്. താൻ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായതുകൊണ്ടാണ് ഇത്തരമൊരു വിവേചനവും അധിക്ഷേപവും നേരിടേണ്ടി വന്നതെന്ന് പാർലമെന്റിൽ ഖാർഗെ പൊട്ടിത്തെറിച്ചിരുന്നു.

​എന്നാൽ, എൻഡിഎയിലെ പ്രധാന ഘടകകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാൻ വിഷയം ഗൗരവതരമാണെന്ന് വ്യക്തമാക്കി രംഗത്തുവന്നത് ഭരണപക്ഷ മുന്നണിയിൽ ഭിന്നത പരസ്യമാക്കിയിരിക്കുകയാണ്. ജാതീയമായ വിവേചനങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവാണ് ചിരാഗ് പാസ്വാൻ.

​അതേസമയം, വിവാദത്തിൽ ബിജെപിക്കോ സംസ്ഥാന സർക്കാരിനോ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാരും കേന്ദ്രമന്ത്രി അജയ് താംതയും സംഭവം ഒരു പ്രാദേശിക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നതാണെന്ന് വിശദീകരിച്ചിരുന്നു. എന്നാൽ വിഷയത്തിൽ രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Tags

Share this story