പൗരത്വനിർണയം നീതിപൂർവമായിരിക്കണം; 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

കോടതി

ന്യൂഡൽഹി: പൗരത്വവും വിദേശി പദവിയും നിർണയിക്കുന്നത് ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള കാര്യമാണെന്നും, അതിനാൽ പൗരത്വനിർണയം എപ്പോഴും നീതിപൂർവവും നിയമപരവുമായ പ്രക്രിയയിലൂടെ മാത്രമായിരിക്കണം നടപ്പാക്കേണ്ടതെന്നും സുപ്രീം കോടതി. 27 പേരെ വിദേശികളായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രിബ്യൂണലിന്റെയും, ഇത് ശരിവെച്ച ഗൌഹത്തി ഹൈക്കോടതിയുടെയും ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി.

​ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ നിർണായക വിധി പ്രസ്താവിച്ചത്. ഇന്ത്യൻ പൗരത്വത്തിന് അർഹതയില്ലാത്തവർ വ്യാജ രേഖകളിലൂടെയോ മറ്റോ അത് നേടിയെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഭരണകൂടത്തിന് നിയമപരമായ അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ ഈ പരിശോധനകൾ തികച്ചും ന്യായമായ രീതിയിലായിരിക്കണം നടക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു.

​വിദേശികളായി പ്രഖ്യാപിക്കപ്പെട്ട 27 പേരുടെ അപ്പീലുകൾ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

ഈ 27 കേസുകളും പുതിയ രീതിയിൽ വീണ്ടും വിശദമായി വാദം കേൾക്കുന്നതിനായി ഫോറിനേഴ്സ് ട്രിബ്യൂണലിന് കോടതി തിരിച്ചയച്ചു (Remand).

​മുൻപ് ഹൈക്കോടതിയോ ട്രിബ്യൂണലോ നടത്തിയ നിരീക്ഷണങ്ങൾ പുതിയ വാദത്തെ സ്വാധീനിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകി.

​അപ്പീൽ നൽകിയവരുടെ പൗരത്വ വാദങ്ങളുടെ ഗുണദോഷങ്ങളിലേക്കോ അവർ ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യതയിലേക്കോ നിലവിൽ കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ട്രിബ്യൂണൽ ഇക്കാര്യത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കണം.

​നേരത്തെ നോട്ടീസ് ലഭിച്ചിട്ടും ട്രിബ്യൂണലിന് മുന്നിൽ ഹാജരായില്ലെന്നും വർഷങ്ങൾക്ക് ശേഷമാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഗൌഹത്തി ഹൈക്കോടതി ഹർജികൾ തള്ളിയിരുന്നത്. എന്നാൽ ഈ ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇപ്പോൾ മനുഷ്യത്വപരവും നിയമപരവുമായ ഇടപെടൽ നടത്തിയിരിക്കുന്നത്.

Tags

Share this story