സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക് വിട്ട് കർണാടക സർക്കാർ
ആദായ നികുതി വകുപ്പ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. റിയൽ എസ്‌റ്റേറ്റ് മേഖലയിലടക്കം വിപുലമായ പരിശോധന വേണഅടി വരും എന്നതിനാലാണിത്. ആദായ നികുതി ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെ പരാതി വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
കുറ്റമറ്റ അന്വേഷണം നടത്തണമെന്നാണ് സർക്കാർ നൽകിയ നിർദേശം. അഞ്ച് പേജുള്ള പരാതിയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയത്. തനിക്കൊപ്പമാണ് സിജെ റോയ് ഓഫീസിലെത്തിയതെന്ന് ജോസഫ് നൽകിയ പരാതിയിൽ പറയുന്നു. ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോയി. വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട ശേഷമാണ് സ്വയം വെടിയുതിർത്തത്
ആരെയും അകത്തേക്ക് വിടരുതെന്ന് ഉദ്യോഗസ്ഥർക്ക് റോയ് നിർദേശം നൽകിയിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. കേന്ദ്ര ഏജൻസികൾ റോയിയെ വിടാതെ പിന്തുടർന്നത് എന്തിനാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഡിസംബർ 3നാണ് ഐടി ഉദ്യോഗസ്ഥർ ആദ്യം റെയ്ഡ് ആരംഭിച്ചത്. ഡിസംബർ 6 വരെ റെയ്ഡ് തുടർന്നു
പിന്നാലെ റോയ് ബംഗളൂരു ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ വിധി റോയിക്ക് എതിരായിരുന്നു. പിന്നാലെ ജനുവരി 28 മുതൽ ഐടി ഉദ്യോഗസ്ഥർ ബംഗളൂരുവിൽ വീണ്ടും റെയ്ഡ് ആരംഭിക്കുന്നു. ഇന്നലെ 11 മണിയോടെ റെയ്ഡ് പ്രശ്‌നമാകുന്നു. ടൂ മച്ച് ട്രബിൾ എന്ന് വിദേശത്തുള്ള സഹോദരൻ ബാബു റോയിക്ക് സി ജെ റോയ് സന്ദേശം അയക്കുന്നു. ഉച്ച കഴിഞ്ഞ് 3.15ന് റോയ് ജീവനൊടുക്കുകയായിരുന്നു.
