സി ജെ റോയിയുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം, ഡിഐജി വംശി കൃഷ്ണക്ക് അന്വേഷണ ചുമതല
Jan 31, 2026, 17:38 IST
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഐടി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിഐജി വംശി കൃഷ്ണക്കാണ് അന്വേഷണ ചുമതല. ബംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്.
ആദായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കടുത്ത മാനസിക സമ്മർദമുണ്ടായെന്നാണ് റോയിയുടെ കുടുംബത്തിന്റെ പരാതി. എന്നാൽ ഐടി ഉദ്യോഗസ്ഥർ ഈ ആരോപണം നിഷേധിക്കുകയാണ്. റോയിയുടെ മരണകാരണം കേന്ദ്ര ഏജൻസികളുടെ വേട്ടയാടലാണെന്ന് സിപിഎം വിമർശിച്ചു. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു
റെയ്ഡുമായി ബന്ധപ്പെട്ട് മനുഷ്യത്വപരമായ സമീപനമല്ല കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. റോയിയുടെ ആത്മഹത്യക്ക് ശേഷവും റെയ്ഡ് തുടർന്നുവെന്ന ആരോപണവും സിപിഎം ഉയർത്തിയിട്ടുണ്ട്
