സിജെപി - കേന്ദ്ര സർക്കാർ ചർച്ച പരാജയം; കൂടുതൽ സമയം തേടി സർക്കാർ, ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ച് സിജെപി

cjp

ന്യൂഡൽഹി: കേന്ദ്ര സർക്കാരും സിജെപി (CJP) പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെയാണ് ഭരണകൂടവും സമരക്കാരുമായി ചർച്ച നടന്നത്. എന്നാൽ രാജി ആവശ്യത്തിൽ സിജെപി ഉറച്ചുനിന്നതോടെ തീരുമാനങ്ങളൊന്നുമെടുക്കാൻ കഴിയാതെ ചർച്ച പിരിയുകയായിരുന്നു. വിഷയത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ സമയം തേടിയിട്ടുണ്ട്.

​ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചായിരുന്നു ചർച്ച. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാർ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ചർച്ചക്കായി തിരഞ്ഞെടുത്തത്. സിജെപി പ്രതിനിധികളായ അഷുതോഷ്, സൗരവ് ദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

​നീറ്റ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്.

​സമരക്കാരുടെ വികാരങ്ങളും ആവശ്യങ്ങളും പരിഗണിക്കാമെന്നും എന്നാൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ മന്ത്രി രാജി വെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. 

Tags

Share this story