​സി.ജെ.പി പാർലമെന്റ് മാർച്ച്: പ്രതിഷേധത്തെ നേരിടാൻ കല്ലുകൾ നിറച്ച ട്രക്കുകളുമായി ഡൽഹി പൊലീസ്; നിരാഹാരം അവസാനിപ്പിക്കാൻ ഉപാധികൾ വച്ച് സോനം വാങ്ചുക്

ഡെൽഹി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന 'ചലോ സൻസദ്' പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അതീവ ജാഗ്രത. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ജന്തർ മന്തറിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ കല്ലുകൾ നിറച്ച ട്രക്കുകൾ ഉൾപ്പെടെ വൻ സന്നാഹങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. മേഖലയിൽ കനത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

​അതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയ പ്രമുഖ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് തന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന ഉപാധികൾ മുന്നോട്ടുവെച്ചു.

സോനം വാങ്ചുകിന്റെ ഉപാധികൾ:

​രാജ്യത്തെ വിദ്യാഭ്യാസ തകർച്ചയുടെയും ചോദ്യപ്പേപ്പർ ചോർച്ചയുടെയും ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം.

​തനിക്കും സി.ജെ.പി നേതൃത്വത്തിനും പാർലമെന്റിന്റെ പടിവാതിൽക്കൽ വരെ പോകാൻ അനുവാദം നൽകുകയും, അവിടെവച്ച് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പുനൽകുകയും വേണം.

​ആരോഗ്യസ്ഥിതിയോ മറ്റ് ഘടകങ്ങളോ അനുവദിക്കാതിരുന്നാൽ, ജനപ്രതിനിധികൾ ആശുപത്രിയിൽ എത്തി മുകളിൽ പറഞ്ഞ ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം.

​പ്രതിഷേധ മാർച്ചിന് ഡൽഹി പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും മാർച്ചുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് സി.ജെ.പി പ്രവർത്തകർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക് ഉൾപ്പെടെയുള്ള പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്.

Tags

Share this story