സി.ജെ.പി പാർലമെന്റ് മാർച്ച്; ആർ.എ.എഫ് ഉദ്യോഗസ്ഥൻ 7 റൗണ്ട് പെല്ലറ്റ് ഉതിർത്തു, 5 എണ്ണം പ്രതിഷേധക്കാരുടെ ശരീരത്തിൽ കൊണ്ടു: അന്വേഷണ റിപ്പോർട്ട്
ന്യൂഡൽഹി: സി.ജെ.പി സംഘടിപ്പിച്ച 'ചലോ പാർലമെന്റ്' മാർച്ചിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥൻ പെല്ലറ്റ് ഗണ്ണിൽ നിന്ന് ഏഴ് റൗണ്ട് വെടിയുതിർത്തതായി സി.ആർ.പി.എഫിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ അഞ്ച് റൗണ്ട് വെടിയുണ്ടകൾ പ്രതിഷേധക്കാർക്ക് ഏൽക്കുകയും രണ്ടെണ്ണം തറയിൽ തട്ടുകയുമായിരുന്നു.
ജൂലൈ 20-ന് ഡൽഹി കൊണോട്ട് പ്ലേസിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. സുരക്ഷാ സേനയുടെ വിന്യാസ രേഖകൾ (log entries) പരിശോധിച്ചപ്പോഴാണ് ഒരു ആർ.എ.എഫ് ജവാൻ പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി തെളിഞ്ഞത്. പ്രതിഷേധക്കാർ സുരക്ഷാ ജീവനക്കാർക്ക് നേരെ കല്ലെറിഞ്ഞപ്പോഴാണ് വെടിവെച്ചതെന്നാണ് സേനയുടെ പ്രാഥമിക വിശദീകരണം.
വെടിവെപ്പിൽ ഡൽഹി സർവകലാശാലാ വിദ്യാർത്ഥിയായ സാഹിൽ ലോചാബ്, ഗുഡ്ഗാവ് സ്വദേശി ഇർഷാദ് ഷെയ്ഖ്, ഔട്ട്‌ലുക്ക് മാഗസിനിലെ മാധ്യമപ്രവർത്തകൻ എന്നിവരുൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നിഷ്കർഷിച്ചിട്ടുള്ള സേനാ മാനദണ്ഡങ്ങൾ (force gradient) ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് സി.ആർ.പി.എഫ് വൃത്തങ്ങൾ വ്യക്തമാക്കി.
