ഇൻസ്റ്റാഗ്രാമിൽ കുതിച്ചുയർന്ന് സി.ജെ.പി; ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളപ്പോഴും മകന്റെ സുരക്ഷയോർത്ത് മഹാരാഷ്ട്രയിലെ ഒരു കുടുംബം

Cockroch Janta Party

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടി തരംഗം സൃഷ്ടിച്ച 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന പരിഹാസ രാഷ്ട്രീയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മാതാപിതാക്കൾ കടുത്ത ആശങ്കയിൽ. മൂർച്ചയേറിയ രാഷ്ട്രീയ പരിഹാസങ്ങളും മീമുകളും പങ്കുവെക്കുന്ന മകൻ നിയമക്കുരുക്കുകളിൽ പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ടെന്നാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറിൽ താമസിക്കുന്ന മാതാപിതാക്കളായ ഭഗവാൻ ദിപ്കെയും അനിത ദിപ്കെയും ഭയപ്പെടുന്നത്.

​ഇന്നത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു ഭയം സ്വാഭാവികമാണെന്ന് ഒരു മറാത്തി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അഭിജീതിന്റെ പിതാവ് ഭഗവാൻ ദിപ്കെ പറഞ്ഞു. ഇന്ത്യയിൽ തിരിച്ചെത്തിയാലുടൻ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഒരു അഭിമുഖത്തിൽ അഭിജീത് തന്നെ വ്യക്തമാക്കിയ കാര്യം മാതാപിതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മകന്റെ സുരക്ഷയോർത്ത് കഴിഞ്ഞ രണ്ട് ദിവസമായി തങ്ങൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

​മകൻ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നും പുണെയിലോ ഡൽഹിയിലോ ഏതെങ്കിലും സാധാരണ ജോലി കണ്ടെത്തി ജീവിക്കണമെന്നുമാണ് തങ്ങളുടെ ആഗ്രഹമെന്ന് അമ്മ അനിത ദിപ്കെ വ്യക്തമാക്കി. മകൻ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തണമെന്നും അവന്റെ ഈ നീക്കങ്ങൾക്ക് തങ്ങളുടെ പിന്തുണയില്ലെന്നും അവർ പറഞ്ഞു.

​അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ മുപ്പതുകാരനായ അഭിജീത് ദിപ്കെ, മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വോളന്റിയറായി പ്രവർത്തിച്ചിരുന്നു. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാഭ്യാസം തുടങ്ങിയ യുവാക്കളെ ബാധിക്കുന്ന വിഷയങ്ങൾ ഉന്നയിച്ചാണ് സി.ജെ.പി ഡിജിറ്റൽ കാമ്പയിൻ നടത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ ബി.ജെ.പിയുടെ ഒഫീഷ്യൽ പേജിനേക്കാൾ കൂടുതൽ ഫോളോവേഴ്സിനെ സ്വന്തമാക്കിയതോടെയാണ് ഈ പേജ് ദേശീയതലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് ഈ കൂട്ടായ്മയ്ക്ക് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന് അഭിജീത് പേരിട്ടത്. 

Tags

Share this story