പുൽവാമയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു: 2 ജവാന്മാർക്ക് പരുക്ക്

Army

ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ. പദ്ഗംപുര മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാൻമാർക്ക് പരുക്കേറ്റു, ഇവർ ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്

പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത സംഘം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളഞ്ഞതോടെ ഭീകരർ വെടിയുതിർത്തു.

അതേസമയം ഭീകരന്റെ മൃതദേഹം സൈന്യത്തിന് കണ്ടെത്താനായിട്ടില്ലെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കശ്മീരി പണ്ഡിറ്റ് ഗാർഡ് സഞ്ജയ് ശർമ്മയെ പുൽവാമയിലെ അച്ചനിലെ വീടിന് സമീപം ഭീകരർ വെടിവെച്ച് കൊന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്.

Share this story