യു.പിയിൽ അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷം; പോലീസ് ലാത്തി വീശി

akshay

ഉത്തർപ്രദേശിൽ അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷം. ഇതോടെ പോലീസ് ലാത്തി വീശി. നിയന്ത്രണം വിട്ട ജനക്കൂട്ടത്തെ പോലീസ് തല്ലിയോടിക്കുകയായിരുന്നു. റിലീസിനൊരുങ്ങുന്ന ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്

ലക്‌നൗവിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിന് സമീപത്തായിരുന്നു പരിപാടി. ആയിരക്കണക്കിനാളുകളാണ് പരിപാടി കാണാനായി തടിച്ചുകൂടിയത്. അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും സമ്മാനങ്ങൾ വാരി വിതറിയതോടെ ഇത് കൈക്കലാക്കാൻ ആൾക്കാർ നിയന്ത്രണം വിട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു

ബാരിക്കേഡുകളും തകർത്ത് ആരാധകർ വേദിയിലേക്ക് ഓടിയെത്തിയതോടെയാണ് പോലീസ് ലാത്തി വീശിയത്. ആൾക്കൂട്ടത്തിൽ നിന്ന് വേദിക്ക് നേരെ ചെരുപ്പേറുണ്ടായതായും റിപ്പോർട്ടുണ്ട്. സംഘർഷത്തിന് പിന്നാലെ പരിപാടി പൂർത്തിയാക്കാതെ താരങ്ങൾ രക്ഷപ്പെടുകയായിരുന്നു.
 

Share this story