മദ്രസ പൊളിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിൽ സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു

uttarakhand

ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ മദ്രസ പൊളിച്ചതിന് പിന്നാലെ പുറപ്പെട്ട വർഗീയ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമങ്ങളിൽ നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഹൽദ്‌വാനി മേഖലയിലാണ് സംഭവം. ബൻഭൂൽപുരയിൽ അനധികൃതമായി നിർമിച്ച മദ്രസ തകർത്തതിന്റെ പേരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

സംഘർഷം പടർന്നതോടെ ജില്ലാ മജിസ്‌ട്രേറ്റ് ബൻഭൂൽപുരയിൽ കർഫ്യൂ ഏർപ്പെടുത്തി. സ്‌കൂളുകൾ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ചാണ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ മദ്രസ കെട്ടിടം തകർത്തത്.

പിന്നാലെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പോലീസ് വെടിവെപ്പിലാണോ അതോ അക്രമ സംഭവങ്ങളിലാണോ ആളുകൾ മരിച്ചതെന്ന് വ്യക്തമല്ല. കലാപകാരികൾ പോലീസ് സ്‌റ്റേഷൻ കത്തിക്കാനും ശ്രമിച്ചു.
 

Share this story