ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി; കിലോയ്ക്ക് 2 രൂപ വർദ്ധിച്ചു: പുതിയ നിരക്ക് 83.09 രൂപ
ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലും മുംബൈയിലും സിഎൻജി (CNG) വില വീണ്ടും വർദ്ധിപ്പിച്ചു. കിലോയ്ക്ക് 2 രൂപയാണ് രണ്ട് നഗരങ്ങളിലും കൂട്ടിയത്. വില പുതുക്കി നിശ്ചയിച്ചതോടെ ഡൽഹിയിൽ ഇനി മുതൽ ഒരു കിലോ സിഎൻജിക്ക് 83.09 രൂപ നൽകേണ്ടി വരും. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (IGL) ആണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് സിഎൻജി വില വർദ്ധിപ്പിക്കുന്നത്. മെയ് 15-ന് ശേഷം മാത്രം കിലോയ്ക്ക് മൊത്തം 4 രൂപയുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ, ഗ്യാസ് വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുതിയ നിരക്കുകൾ പ്രകാരം ഗാസിയാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ സിഎൻജി വില കിലോയ്ക്ക് 91.7 രൂപയായും, ഗുരുഗ്രാമിൽ 88.12 രൂപയായും ഉയർന്നു. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വില കിലോയ്ക്ക് 84 രൂപയായിട്ടുണ്ട്.
തുടർച്ചയായുണ്ടാകുന്ന ഈ വിലവർദ്ധനവ് സാധാരണക്കാരായ യാത്രക്കാരെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും കനത്ത പ്രതിസന്ധിയിലാക്കും. ചരക്കുകൂലി വർദ്ധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ട്.
