മുംബൈയിൽ 9 കോടിയുടെ കൊക്കെയ്ൻ പിടികൂടി; 2 വിദേശ പൗരന്മാർ കസ്റ്റഡിയിൽ

Kokkain

മുംബൈയിൽ 9 കോടി രൂപ വിലമതിക്കുന്ന 880 ഗ്രാം കൊക്കെയ്ൻ അടങ്ങിയ 88 ക്യാപ്‌സ്യൂളുകൾ കൈവശം വച്ച 2 വിദേശ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വെനസ്വേലക്കാരനായ ജോയൽ അലജാൻഡ്രോ വെരാ റാമോസ് (19), നൈജീരിയക്കാരനായ ഡാനിയൽ നെമെക് (33) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി ആറിന് പുലർച്ചെ 2.30 ന് സാകി വിഹാർ റോഡിൽ ഒരാൾ സംശയാസ്പദമായ നിലയിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ ചെന്നപ്പോഴേക്കും പെട്ടെന്ന് ഓട്ടോയിൽ കയറി പോവുകയായിരുന്നു. എന്നാൽ ഇത് കണ്ട പൊലീസ് ഓട്ടോ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിൽ 88 കൊക്കെയ്ൻ ഗുളികകൾ കണ്ടെത്തുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, ഡാനിയൽ നെമെക് എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി, സാക്കിനാക്കയിലെ ഡ്രീം റെസിഡൻസി ഹോട്ടലിൽ താമസിച്ചിരുന്നയാളാണ്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഹോട്ടൽ റെയ്ഡ് ചെയ്യുകയും കൂട്ടുപ്രതിയുമായ ജോയൽ അലജാൻഡ്രോയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു. നവി മുംബൈ കേന്ദ്രീകരിച്ചു വിതരണം ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്നും ബ്രസീലിൽ നിന്ന് എത്യോപ്യ വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. അതേസമയം രണ്ട് പ്രതികളെയും നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Share this story