മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിൽ വർഗീയ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, 13 പേർക്ക് പരുക്കേറ്റു
May 16, 2023, 12:15 IST

മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിൽ വർഗീയ സംഘർഷം. അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ പോലീസ് ശ്രദ്ധ പാലിക്കുന്നുണ്ട്. 132 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പോലീസുകാർ അടക്കം 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പ്രശ്്‌നങ്ങൾ ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിലെ മതപരമായ ഒരു പോസ്റ്റിനെ ചൊല്ലിയായിരുന്നു സംഘർഷം തുടങ്ങിയത്.
സംഘർഷം ആരംഭിച്ചതോടെ പോലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. നിരവധി വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.