രാജസ്ഥാനിലെ ബാരനിൽ വർഗീയ കലാപം; സ്ഥിതി ഗുരുതരം, കർഫ്യൂ ഏർപ്പെടുത്തി
Apr 12, 2021, 12:40 IST
രാജസ്ഥാനിലെ ബാരൻ ജില്ലയിൽ വർഗീയ കലാപം. ഞായറാഴ്ച രാത്രിയാണ് ബാരനിലെ ഛബ്ര ടൗണിൽ കലാപം ഉടലെടുത്തത്. ഇതേ തുടർന്ന് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി. ഇന്റർനെറ്റ് സൗകര്യം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.
ഒരുസംഘമാളുകൾ ടൗണിൽ മാർച്ച് നടത്തുകയും കടകൾ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് കലാപം ആരംഭിച്ചത്. പിന്നാലെ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സംഘർഷത്തിൽ രണ്ട് യുവാക്കൾ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
പരസ്പരം ചേരി തിരിഞ്ഞ് ആളുകൾ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഥിതി ഗുരുതരമാണെന്നും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.