പൗരത്വത്തിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി: വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി
ന്യൂഡൽഹി: പൗരത്വത്തിനു മുൻപേ വോട്ടർ പട്ടികയിൽ പേര് ചേർത്തതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയക്ക് അനുകൂലമായ വിചാരണ കോടതി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. വിഷയം വീണ്ടും പരിശോധിക്കാനും നിർദേശം നൽകി. ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു.
സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാൻ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത്. 1983-ൽ ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ്, 1980-ലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയെന്ന ആരോപണത്തിലാണ് പരാതി ഉയര്‍ന്നത്.
ദ്വാരക കോടതിയിലെ സ്‌പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെയാണ് മജിസ്‌ട്രേറ്റിന്റെ മുൻ ഉത്തരവ് വ്യക്തമായ കാരണങ്ങളോ വിശദീകരണങ്ങളോ ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. കേസ് വീണ്ടും പരിഗണിക്കുന്നതിനായി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് കൈമാറിയ കോടതി, കക്ഷികളുടെ വാദം കേട്ടും അന്വേഷണം നടത്തിയും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തിയ ശേഷവും വ്യക്തമായ കാരണങ്ങളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശിച്ചു. കേസ് സെപ്റ്റംബർ 29-ന് എസിജെഎം വീണ്ടും പരിഗണിക്കും.
