മധ്യപ്രദേശിൽ മലയാളി വൈദികരെ മർദിച്ച് അറസ്റ്റ് ചെയ്തതായി പരാതി; ജാമ്യത്തിൽ വിട്ടു

police

മധ്യപ്രദേശിലെ സാഗറിൽ വൈദികരെ പോലീസ് മർദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. സെന്റ് ഫ്രാൻസിസ് ഓർഫനേജിലെ വൈദികരാണ് പരാതിയുമായി എത്തിയത്. ഫയലുകളും കമ്പ്യൂട്ടറുകളും തകർത്തതായും വൈദികർ ആരോപിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികൾ പരിശോധിച്ചെന്നും ആക്ഷേപമുണ്ട്. 

കുർബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചതായും വൈദികർ ആരോപിച്ചു. എൻസിപിസിആർ, ഡിഡബ്ല്യുസി സംഘമാണ് അറിയിപ്പില്ലാതെ ഓർഫനേജിൽ പരിശോധന നടത്തിയത്. എന്നാൽ സർക്കാർ ഓർഫനേജിനായി നൽകിയ സ്ഥലത്ത് നിയമവിരുദ്ധമായി പള്ളി പണിതു, നിരവധി നിയമലംഘനങ്ങൾ നടത്തി തുടങ്ങിയ ആരോപണമാണ് എൻസിപിസിആർ ഉന്നയിക്കുന്നത്. മതംമാറ്റത്തിന് ശ്രമം നടന്നതായും ഇവർ ആരോപിക്കുന്നു. അറസ്റ്റ് ചെയ്ത വൈദികരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
 

Share this story