സുഡാനിലെ സംഘർഷം; ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു: വിമാനത്തിൽ 360 ഇന്ത്യക്കാർ

A1

സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. ജിദ്ദയിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. വിമാനത്തിൽ 360 ഇന്ത്യക്കാരുണ്ട്. ഡൽഹിയിലെത്തുന്ന മലയാളികൾക്ക് കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കും.

ആഭ്യന്തര കലാപത്തെ തുടർന്ന് സുഡാനിൽ നിന്നും കേന്ദ്ര സർക്കാർ തിരികെ ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അത് വിമാനത്താവളങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിൻറെ ചിലവിൽ കേരളത്തിലേക്ക് എത്തിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുവാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തുവാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുഡാനിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും നാട്ടിൽ എത്തിക്കുന്നത് വരെ ഓപ്പറേഷൻ കാവേരി തുടരുമെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ജിദ്ദയിൽ എത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ ഇന്ത്യയിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. 

സുഡാനിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷൻ കാവേരി തുടരുകയാണ്. കപ്പൽ മാർഗവും വിമാന മാർഗവുമാണ് ഇന്ത്യക്കാർ സുഡാനിൽ നിന്നും ജിദ്ദയിൽ എത്തിത്തുടങ്ങിയത്. ജിദ്ദയിലെത്തിയ ഇന്ത്യക്കാരെ പരമാവധി നേരത്തെ നാട്ടിൽ അവരുടെ പ്രദേശങ്ങളിൽ എത്തിക്കുമെന്ന് മന്ത്രി ജിദ്ദയിൽ ട്വന്റിഫോറിനോട് പറഞ്ഞു.

സുഡാനിൽ നിന്നും ജിദ്ദയിലെത്തിയ ഇന്ത്യൻ സംഘത്തിന് മെഡിക്കൽ സേവനവും ഭക്ഷണവും നൽകിയത് അബീർ മെഡിക്കൽ ഗ്രൂപ്പും ലുലു ഗ്രൂപ്പുമാണ്. വിദേശ കാര്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും ജിദ്ദയിൽ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്.

Share this story