ബിജെപി നേതൃത്വവുമായി കട്ടക്കലിപ്പിൽ; അണ്ണമലൈ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്ന് വിവരം
ബിജെപി നേതൃത്വവുമായി കടുത്ത അഭിപ്രായ ഭിന്നത തുടരുന്നതിനിടെ തമിഴ്‌നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം നടത്തുന്നതായി സൂചന. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും അണ്ണാമലൈ ഒഴിഞ്ഞിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിയുന്നുവെന്നാണ് അന്ന് പറഞ്ഞിരുന്നത്
ഇതിന് പിന്നാലെ ഏറെക്കാലമായി നിഷ്‌ക്രിയമായിരുന്ന അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന സംഘടനയുടെ പ്രവർത്തനം ഊർജിതപ്പെടുത്തുകയും സംസ്ഥാനത്തുടനീളമുള്ള നൂറുകണക്കിന് അനുയായികളെ തിരുനെൽവേലിയിലെ ഓഫീസിൽ വിളിച്ചുവരുത്തി യോഗം ചേരുകയും ചെയ്തു.
ബിജെപി നേതൃത്വത്തിന്റെ തുടർച്ചയായ അവഗണന നേരിടുന്ന അണ്ണാമലൈയോട് പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അനുയായികൾ ആവശ്യപ്പെട്ടതായാണ് സൂചന. 2021 ജൂലൈയിലാണ് അണ്ണാമലൈ ബിജെപി സംസ്ഥാനന പ്രസിഡന്റായത്. കഴിഞ്ഞ വർഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അണ്ണാമലൈയെ നീക്കുകയായിരുന്നു
