അട്ടിമറിയിൽ പതറി കോൺഗ്രസ്; ഹിമാചലിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമം തുടങ്ങി

ഹിമാചൽപ്രദേശിലും ബിജെപിയുടെ അട്ടിമറി നീക്കം. സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമം തുടങ്ങി. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂർ ഇന്ന് ഗവർണറെ കാണും. 68 അംഗ നിയമസഭയിൽ 35 പേരുടെ ഭൂരിപക്ഷം വേണമെന്നിരിക്കെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. 

ആറ് കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരും ഇപ്പോഴുള്ളത് ഹരിയാനയിലാണ്. ഇവരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് അടിയന്തര നീക്കങ്ങൾ നടത്തുന്നുണ്ട്. എംഎൽഎമാരുമായി എഐസിസി നേതൃത്വം സംസാരിച്ചു

മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് ചില എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഡികെ ശിവകുമാറും ഭൂപേന്ദ്ര ഹൂഡയും എംഎൽഎമാരെ കാണാനായി ഇന്ന് ഹിമാചലിലേക്ക് പോകും. 

കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് ഹിമാചലിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ച കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ് വി പരാജയപ്പെട്ടത്. ബിജെപിയുടെ ഹർഷ് മഹാജനാണ് മനു അഭിഷേകിനെ അട്ടിമറിച്ചത്. കോൺഗ്രസിന് ഹിമാചലിൽ 40 എംഎൽഎമാരാണുള്ളത്. ബിജെപിക്ക് 25 എംഎൽഎമാരുണ്ട്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ മൂന്ന് സ്വതന്ത്രരും ആറ് കോൺഗ്രസ് എംഎൽഎമാരും കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു.
 

Share this story