രാജ്യസഭാ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സുപ്രീം കോടതിയെ സമീപിച്ചു. ജൂൺ 18-ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെയാണ് മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായ മീനാക്ഷിയുടെ പത്രിക തള്ളിയത്. ഈ വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ഹൈദരാബാദിലെ ഒരു കോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചു എന്ന ബി.ജെ.പി നേതാക്കളുടെ പരാതിയെത്തുടർന്നാണ് റിട്ടേണിങ് ഓഫീസറായ അരവിന്ദ് ശർമ്മ പത്രിക നിരസിച്ചത്. എന്നാൽ ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഇത് വോട്ട് മോഷണമല്ല, മറിച്ച് സീറ്റ് മോഷണമാണെന്നും കോൺഗ്രസ് ആരോപിച്ചു.
പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള മത്സരത്തിൽ നിന്ന് കോൺഗ്രസ് പൂർണ്ണമായും പുറത്താകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുൻപ് മന്ദ്‌സൗറിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്ന മീനാക്ഷി നടരാജൻ നിലവിൽ തെലങ്കാനയുടെ എ.ഐ.സി.സി (AICC) ചുമതലയുള്ള നേതാവാണ്. വിഷയത്തിൽ കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് ഈ പോരാട്ടമെന്നും മീനാക്ഷി നടരാജൻ വ്യക്തമാക്കി.
