കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ്; സിദ്ധരാമയ്യയോട് രാജിവെക്കാൻ ആവശ്യപ്പെട്ടതായി സൂചന: കടുത്ത നിലപാടിൽ ഹൈക്കമാൻഡ്

DK Sidha KC

ന്യൂഡൽഹി: കർണാടക കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കടുത്ത നിലപാടുകളിലേക്ക് കടന്ന് പാർട്ടി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴുയാൻ കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടതായാണ് ഡൽഹിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനും പകരം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി കസേരയിലേക്ക് ഉയർത്താനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

​ഇതിന്റെ ഭാഗമായി രാജ്യസഭാ എംപിയായി ഡൽഹിയിലേക്ക് മാറാനുള്ള നിർദേശം ഹൈക്കമാൻഡ് സിദ്ധരാമയ്യക്ക് മുന്നിൽ വെച്ചതായാണ് വിവരം. 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവായ സിദ്ധരാമയ്യയെ ദേശീയ തലത്തിൽ ഉപയോഗിക്കാനാണ് രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് താല്പര്യപ്പെടുന്നത്.

​ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവരുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യയുമായും ഡി.കെ. ശിവകുമാറുമായും നേതൃത്വം മണിക്കൂറുകൾ നീണ്ട ചർച്ച നടത്തി. എന്നാൽ, ഔദ്യോഗികമായി രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തതെന്നും നേതൃമാറ്റം അജണ്ടയിലില്ലെന്നുമാണ് കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

​2023-ൽ അധികാരം ലഭിച്ചപ്പോൾ മുതൽ 50-50 ഫോർമുല പ്രകാരം രണ്ടര വർഷത്തിന് ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെട്ടിരുന്നു. നിലവിൽ ഭരണം മൂന്ന് വർഷം തികയുന്ന സാഹചര്യത്തിൽ കർണാടകയിലെ ഭരണം കൂടുതൽ സുസ്ഥിരമാക്കാൻ ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ട് കർശനമായ തീരുമാനങ്ങളിലേക്ക് നീങ്ങുകയാണ് എന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Tags

Share this story