യുപിഐ എംഡിആർ നിരക്കുകളെ പിന്തുണച്ചെന്ന വാദം തള്ളി കോൺഗ്രസ് എംപിമാർ; ആരോപണം തെറ്റെന്ന് ഗൗരവ് ഗൊഗോയിയും മനീഷ് തിവാരിയും
ന്യൂഡൽഹി: യുപിഐ (UPI) ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ കോൺഗ്രസ് എംപിമാർ പിന്തുണച്ചെന്ന കേന്ദ്രത്തിന്റെ വാദം കോൺഗ്രസ് തള്ളി. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുത്താൻ ഉദ്ധേശിക്കുന്ന ഫീസ് വർധനവുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള പ്രത്യേക നിർദേശങ്ങളോ യോഗതീരുമാനങ്ങളോ കമ്മിറ്റിക്ക് മുന്നിൽ വന്നിട്ടില്ലെന്ന് കോൺഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയിയും മനീഷ് തിവാരിയും വ്യക്തമാക്കി.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താനുള്ള നീക്കത്തിനെതിരെ വലിയ ജനരോഷവും പ്രതിപക്ഷ വിമർശനവും ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ ന്യായീകരണമെന്നും, അത് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഓഗസ്റ്റ് 12-ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ എംഡിആർ നിരക്കുകൾ സംബന്ധിച്ച് റിപ്പോർട്ട് അംഗീകരിക്കുമ്പോൾ കോൺഗ്രസ് അംഗങ്ങളും ഉണ്ടായിരുന്നുവെന്നും എതിർപ്പുകളൊന്നും രേഖപ്പെടുത്തിയിരുന്നില്ലെന്നുമാണ് സർക്കാരിന്റെ വാദം.
എന്നാൽ, കേന്ദ്രം കൊണ്ടുവന്ന നിരക്കുകൾ, അതിൻ്റെ പരിധികൾ, അല്ലെങ്കിൽ ഇളവുകൾ എന്നിവയെക്കുറിച്ച് ഒരു നിർദേശവും കമ്മിറ്റിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. സമിതി നടപടികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്നും എംപിമാർ ആവശ്യപ്പെട്ടു.
